ആരോഗ്യമേഖലയിൽ പണമൊഴുക്കണം
കോവിഡ്-19 കാരണമുണ്ടായ ലോകരാജ്യങ്ങളിലെ സാമ്പത്തികമാറ്റങ്ങൾ,
പണത്തിന്റെയും വിഭവങ്ങളുടെയും വിതരണത്തിൽ ഉണ്ടായ മാറ്റങ്ങൾ, കോവിഡ്-19ന്
പിറകിലുള്ള സാമ്പത്തികശാസ്ത്രം എന്നിവ പഠനവിധേയമാക്കുന്നതാണ്
‘കോവിഡ്ണോമിക്സ്’. ഈ വിഷയത്തിൽ ഒട്ടേറെ പഠനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ആരോഗ്യമേഖലയിലെ തുക
പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ആശുപത്രികൾ,
വിദഗ്‌ധരായ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവയടങ്ങിയ
വിപുലവും കാര്യക്ഷമവുമായ ഒരു ആരോഗ്യസംവിധാനമാണ് കോവിഡിനെതിരേയുള്ള
പോരാട്ടത്തിന് നമുക്കാവശ്യം. ആശുപത്രിക്കിടക്കകൾ, വെന്റിലേറ്ററുകൾ, ഓക്സിജൻ
സിലിൻഡറുകൾ എന്നിവയുടെ ലഭ്യതയും ഇതിലുൾപ്പെടുന്നു. എന്നാൽ, ഇവയുടെയെല്ലാം
അടിസ്ഥാനം ആരോഗ്യമേഖലയ്ക്കായി നാം ചെലവഴിക്കുന്ന തുകയെ
ആശ്രയിച്ചിരിക്കുന്നു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ അനുസരിച്ച് ‘ആരോഗ്യം’ എന്നത്
സംസ്ഥാനലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമാണ്. മുൻകാലങ്ങളിൽ സംസ്ഥാനങ്ങൾ തങ്ങളുടെ
മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന് (ജി.ഡി.പി.) ആനുപാതികമായി
ആരോഗ്യമേഖലയ്ക്കായി ചെലവഴിച്ച തുകയും ഇപ്പോഴത്തെ കോവിഡ്-19 മരണനിരക്കും
തമ്മിൽ വിപരീതബന്ധമുണ്ടെന്നാണ് ഞങ്ങളുടെ പഠനം തെളിയിച്ചിട്ടുള്ളത് (ബാലകൃഷ്ണൻ
ആൻഡ് നമ്പൂതിരി, ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി, ഫെബ്രുവരി 6, 2021).
അതായത്, മൊത്ത ആഭ്യന്തര ഉത്‌പാദനത്തിൽ നല്ലൊരുപങ്കും ആരോഗ്യമേഖലയ്ക്കു
വേണ്ടി നീക്കിവെച്ച സംസ്ഥാനങ്ങൾ കോവിഡിന്റെ ഒന്നാംതരംഗത്തിൽ ഒരു പരിധിവരെ
വിജയിച്ചവയാണ്.
ഒഡിഷ, ഹിമാചൽപ്രദേശ്, ജമ്മുകശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളും അസം,
അരുണാചൽപ്രദേശ്, മേഘാലയ, മിസോറം, നാഗാലാൻഡ്, മണിപ്പുർ തുടങ്ങിയ
വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഇതിലുൾപ്പെടുന്നു. എന്നാൽ, ആരോഗ്യമേഖലയ്ക്ക്
ഏറ്റവും കുറവ് നീക്കിയിരിപ്പ് നടത്തിയ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാണ, പഞ്ചാബ്
എന്നീ സംസ്ഥാനങ്ങൾ ഏറ്റവും രൂക്ഷമായി കോവിഡ് ബാധിക്കപ്പെട്ടവയാണ്.
2017-ലെ നാഷണൽ ഹെൽത്ത് പോളിസി റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനങ്ങൾ അവരുടെ
ബജറ്റിന്റെ എട്ടു ശതമാനമെങ്കിലും ആരോഗ്യരംഗത്തേക്കായി നീക്കിവെക്കണമെന്ന്
നിർദേശിച്ചിരുന്നു. എന്നാൽ, ഇന്ത്യയിലെ ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും ഈ നിർദേശം
നടപ്പായില്ല. മാത്രമല്ല, 2018-’19 സാമ്പത്തിക വർഷം പഞ്ചാബ്, ബിഹാർ, ഹരിയാണ,
മധ്യപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ അവർ പോലീസ് സേനയ്ക്ക്
മാറ്റിവെച്ച പണത്തിന്റെ അടുത്തുപോലും ആരോഗ്യരംഗത്തേക്കുവേണ്ടി മാറ്റിവെച്ചിട്ടില്ല
എന്നതാണ് മറ്റൊരു വസ്തുത. 2025 ആകുമ്പോഴേക്കും മൊത്ത ആഭ്യന്തര
ഉത്പാദനത്തിന്റെ 2.5 ശതമാനമെങ്കിലും ആരോഗ്യരംഗത്തേക്കുവേണ്ടി നീക്കിവെക്കണം
എന്നതാണ് റിപ്പോർട്ടിലെ വേറൊരു നിർദേശം. പി.ആർ.എസ്. ലെജിസ്ലേറ്റീവ് റിസർച്ചിന്റെ
പഠനങ്ങൾപ്രകാരം, 2015 മുതൽ 2021 വരെയുള്ള കാലത്ത് 0.9 ശതമാനത്തിൽനിന്ന് 1.1
ശതമാനം മാത്രമാണ് ഈ രീതിയിൽ ആരോഗ്യരംഗത്തേക്കായി സംസ്ഥാനങ്ങൾ
നീക്കിവെച്ചത്. അതായത്, ആറുവർഷംകൊണ്ട് 0.2 ശതമാനം വർധന മാത്രം.
സമ്പത്ത് ഘടകമല്ല
സമ്പത്തിന്റെ അളവുകോലായ ആളോഹരിവരുമാനവും സംസ്ഥാനങ്ങൾ അവരുടെ
ആരോഗ്യമേഖലയ്ക്കായി വകയിരുത്തിയ പണവും (ജി.ഡി.പി.ക്ക് ആനുപാതികമായി)
തമ്മിൽ വിപരീതബന്ധമാണുള്ളത് എന്നാണ് ഞങ്ങളുടെ പഠനത്തിലെ മറ്റൊരു
കണ്ടെത്തൽ. ഉദാഹരണമായി, 2018-’19 സാമ്പത്തിക വർഷം, ഇന്ത്യയിലെ സമ്പന്ന
സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയവയാണ്
ആരോഗ്യമേഖലയ്ക്ക് ഏറ്റവുംകുറഞ്ഞ പണം ചെലവഴിച്ച സംസ്ഥാനങ്ങൾ. എന്നാൽ,
ആളോഹരിവരുമാനത്തിൽ പിന്നിൽ നിൽക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ
ഉൾപ്പെടെ ആരോഗ്യമേഖലയ്ക്കായി കൂടുതൽ നീക്കിയിരിപ്പുകൾ നടത്തിയിരുന്നു.
കോവിഡിനെതിരേയുള്ള പോരാട്ടത്തിലും സമ്പത്ത് ഒരു ഘടകമല്ല എന്നതാണ് മറ്റൊരു
വിരോധാഭാസം. കാരണം, മേൽപ്പറഞ്ഞ ഇന്ത്യയിലെ സമ്പന്ന സംസ്ഥാനങ്ങളെയാണ്
കോവിഡ്-19 ഏറ്റവും രൂക്ഷമായി ബാധിച്ചിട്ടുള്ളത്.
ഇന്ത്യയും അയൽ രാജ്യങ്ങളും
തെക്കനേഷ്യൻ രാജ്യങ്ങളിൽ ആരോഗ്യമേഖലയ്ക്കുവേണ്ടി ഏറ്റവും കുറവ് പണം
വകയിരുത്തിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകബാങ്കിന്‍റെ 2018-ലെ കണക്കനുസരിച്ച്
ഇന്ത്യ അതിന്‍റെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ 0.96 ശതമാനം മാത്രമാണ്
ആരോഗ്യമേഖലയ്ക്കായി നീക്കിവെച്ചത്. എന്നാൽ, പാകിസ്താൻ (1.14 ശതമാനം),
നേപ്പാൾ (1.46), ഭൂട്ടാൻ (2.45), മാലിദ്വീപ് (6.65 ശതമാനം) തുടങ്ങിയ നമ്മുടെ
അയൽരാജ്യങ്ങൾ ഇക്കാര്യത്തിൽ ഇന്ത്യയെക്കാൾ മുന്നിലാണ്. ഇന്ത്യയിൽനിന്നുള്ള
കണ്ടെത്തലിൽനിന്ന് വിരുദ്ധമായി, സമ്പത്ത് കൂടുതലുള്ള തെക്കനേഷ്യൻ രാജ്യങ്ങൾ
അതിന് ആനുപാതികമായി കൂടുതൽ പണം ആരോഗ്യരംഗത്തേക്കായി മാറ്റിവെക്കുന്നു
എന്നതാണ് ശ്രദ്ധേയമായ വേറൊരു കാര്യം.
ഉത്തേജനം അനിവാര്യം
സർക്കാർ/പൊതുമേഖലയുടെ ആരോഗ്യരംഗത്തെ ഇടപെടൽ എത്രത്തോളം
വലുതാണെന്ന് കോവിഡ് മഹാമാരി നമ്മെ പഠിപ്പിച്ചു. അടിസ്ഥാന
ആരോഗ്യസംവിധാനങ്ങൾക്കു പുറമേ കൂട്ടപ്പരിശോധന, ക്വാറൻറീൻ ഇവയുടെ
കാര്യക്ഷമമായ ഏകോപനവും കൃത്യമായ അവബോധവുമാണ് കോവിഡിന്റെ
രണ്ടാംഘട്ടത്തിൽ നമുക്കാവശ്യം. മൊത്ത ആഭ്യന്തര ഉത്പാദനത്തിലും ആളോഹരി
വരുമാനത്തിലും ഏറ്റവും മുന്നിൽനിൽക്കുന്ന സംസ്ഥാനങ്ങളെയാണ് കോവിഡ്-19 ഏറ്റവും
രൂക്ഷമായി ബാധിച്ചിട്ടുള്ളത് എന്ന് നമ്മൾ കണ്ടു. അതിനാൽത്തന്നെ ചെലവഴിക്കാനുള്ള
മൂലധനത്തിന്റെയോ പണത്തിന്റെയോ അഭാവമല്ല പ്രശ്നം, മറിച്ച് തങ്ങൾ ഓരോ
മേഖലയ്ക്കും കൊടുക്കുന്ന പ്രാധാന്യമാണ്. അഞ്ച് ട്രില്യൺ സമ്പദ്‌വ്യവസ്ഥയാകാനും
ആഗോളശക്തിയാകാനും നാം ശ്രമിക്കുമ്പോൾ, നാം നമ്മുടെ ആരോഗ്യമേഖലയ്ക്ക്
തക്കതായ പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
അതിനാൽത്തന്നെ കോവിഡനന്തര സാമ്പത്തികാസൂത്രണത്തിൽ ഇന്ത്യയെ
സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് സംസ്ഥാനങ്ങൾ തങ്ങളുടെ ആരോഗ്യമേഖലയ്ക്ക്
കൊടുക്കുന്ന പ്രാധാന്യമാണ് ഇനി ചർച്ചചെയ്യപ്പെടേണ്ടത്.
• അശോക യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തികവിഭാഗം പ്രൊഫസറും ഐ.ഐ.എം.
കോഴിക്കോടിന്റെ സീനിയർ ഫെലോയുമാണ് ഡോ. പുലാ
പ്ര ബാലകൃഷ്ണൻ.
• ഐ.ഐ.എം. കോഴിക്കോടിലെ മുൻ അക്കാദമിക് അസോസിയേറ്റ് ആണ് ശ്രീനാഥ് കെ.
നമ്പൂതിരി.